This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസ്റ്റ് അക്കൗണ്ടന്‍സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കോസ്റ്റ് അക്കൗണ്ടന്‍സി

Cost Accountancy

മൂല്യനിര്‍ണയ രീതികള്‍ വിവരിക്കുന്ന ശാസ്ത്രശാഖ. മൂല്യങ്ങളുടെ വിവരണം, തരംതിരിവ്, സംയോജനം, വിഭജനം, അപഗ്രഥനം, സാംഖ്യിക വിവരരൂപീകരണം, നിയന്ത്രണം എന്നീ രീതികളാണ് കോസ്റ്റ് അക്കൗണ്ടിങ്ങിലുള്ളത്. മൂല്യനിര്‍ണയം നടത്തുന്ന സങ്കേതങ്ങളെ (പട്ടിക തയ്യാറാക്കല്‍) പൊതുവേ 'കോസ്റ്റിങ്' എന്നുപറയുന്നു. മൂല്യം മുന്‍കൂര്‍ നിര്‍ണയിച്ച് അതിനനുസരിച്ച് പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതിനും അത് നടപ്പിലാക്കുന്നതിനും ഉള്ള തത്ത്വങ്ങളും വ്യവസ്ഥകളും രീതികളും ഈ അക്കൗണ്ടിങ്ങിലൂടെ ലഭ്യമാണ്. അക്കൗണ്ടെന്‍സിയിലെ മറ്റു വിഭാഗങ്ങളായ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ജനറല്‍ അക്കൗണ്ടിങ്), മാനേജ്മെന്റ് അക്കൗണ്ടിങ്, ടാക്സ് അക്കൗണ്ടിങ് എന്നിവയെക്കാള്‍ വളരെയേറെ സൂക്ഷ്മതയും ഗുണമേന്മയും പ്രദാനം ചെയ്യുന്നു. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് മേഖലയുടെ ഒരു ശുദ്ധീകരണമോ അഥവാ വിപുലീകരണമോ ആയി കോസ്റ്റ് അക്കൗണ്ടിങ്ങിനെ വ്യാഖ്യാനിക്കാവുന്നതാണ്.

അടിസ്ഥാനമൂല്യം, വിപണനമൂല്യം

അസംസ്കൃത സാധനങ്ങള്‍, മൂലധനം, മനുഷ്യപ്രയത്നം, യന്ത്രങ്ങള്‍ എന്നീ ഉത്പാദക ഘടകങ്ങളുടെ സമാഹരണവും വിനിയോഗവും വിനിമയ മൂല്യവും അടങ്ങിയതാണ് ഉത്പാദനം. വില നിര്‍ണയിക്കാവുന്ന ദൈനംദിന ഇടപാടുകളും പ്രവര്‍ത്തനങ്ങളുമാണ് ഒരു സ്ഥാപനത്തില്‍ ഉത്പാദനപ്രക്രിയയ്ക്കു രൂപം നല്കുന്നത്. ഈ പ്രക്രിയയുടെ സ്വഭാവത്തെ വിലയിരുത്തി, മൂല്യത്തെ ഉത്പന്നങ്ങളിലേക്ക് ആവേശിപ്പിക്കുവാന്‍ (absorption) അനുവദിക്കുന്ന രീതിയാണ് മൂല്യനിര്‍ണയ ശാസ്ത്രത്തിന്റെ ജീവനാഡി. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങില്‍ മൊത്തലാഭമോ നഷ്ടമോ എത്രയെന്നു മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, ഓരോ വകുപ്പിന്റെയോ ചെറിയ ആന്തരികഘടകത്തിന്റെയോ പ്രവര്‍ത്തനച്ചെലവ് പ്രത്യേകമായി നിര്‍ണയിച്ചു പ്രവര്‍ത്തനശേഷിയും കുറവുകളും വിശദീകരിക്കുവാനും കാര്യക്ഷമത അളക്കുവാനും പോഷിപ്പിക്കുവാനും അധികാരസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തിയുള്ള മൂല്യകല്പനാസംരംഭത്തിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് മാനേജ്മെന്റിനെ സജ്ജമാക്കുവാനും കോസ്റ്റ് അക്കൗണ്ടിങ്ങിലൂടെ സാധിക്കുന്നു. വ്യവസായ എന്‍ജിനീയര്‍മാര്‍, തൊഴില്‍വിദഗ്ധര്‍, മനഃശാസ്ത്രപണ്ഡിതര്‍, കോസ്റ്റ് അക്കൗണ്ടന്റുമാര്‍ എന്നീവരുടെ സഹകരണപ്രവര്‍ത്തനത്തിലൂടെ കോസ്റ്റിങ്ങിനുള്ള മാതൃകകള്‍ രൂപപ്പെടുത്തുന്നു.

ഉത്പാദനപ്രക്രിയയെ മൂല്യനിര്‍ണയത്തിന്റെ സാങ്കേതിക ഭാഷയില്‍ നിര്‍വചിക്കപ്പെടാവുന്ന ഏറ്റവും പ്രാഥമികമായ മൂല്യകേന്ദ്രങ്ങളായി വിഭജിച്ച് അവയില്‍ നിന്ന് ഉരുത്തിരിയുന്ന മൂല്യഘടകങ്ങളെ വിശകലനം ചെയ്യുന്നു. നേരിട്ടു രൂപാന്തരം പ്രാപിക്കുന്ന വസ്തുവകകള്‍, അധ്വാനം, മറ്റു ചെലവുകള്‍ ഇവ ചേര്‍ന്ന് അടിസ്ഥാനമൂല്യം (Prime cost) രൂപപ്പെടുന്നു. ഈ കേന്ദ്രങ്ങളില്‍ത്തന്നെ നിര്‍മാണപ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന യന്ത്ര സാമഗ്രികളുടെയും വിദഗ്ധതൊഴിലാളികളുടെയും സാങ്കേതിക മേല്‍നോട്ടത്തിന്റെയും ഊര്‍ജം തുടങ്ങിയ വസ്തുക്കളുടെയും ചെലവുള്‍പ്പെടുന്നതാണ് ഫാക്ടറി നിര്‍ദേശകമൂല്യം (Factory overhead) അഥവാ പ്രവര്‍ത്തക നിര്‍ദേശകമൂല്യം (Works overhead). അടിസ്ഥാനമൂല്യവും ഫാക്ടറി നിര്‍ദേശകമൂല്യവും ചേര്‍ന്നതാണ് പ്രവര്‍ത്തനമൂല്യം (Works cost). പ്രവര്‍ത്തനമൂല്യവും ഭരണ നിര്‍ദേശകമൂല്യവും കൂടിച്ചേര്‍ന്ന് 'ഉത്പാദനമൂല്യം' ആയിത്തീരുന്നു. ഉത്പാദനമൂല്യത്തോട് വിപണന-വിതരണച്ചെലവുകള്‍ ചേര്‍ക്കുമ്പോള്‍ മൂല്യം (Total cost) ലഭിക്കുന്നു. ഇതിനോടു ലാഭം ചേര്‍ത്താണ് വില്പനവില പരസ്യപ്പെടുത്തുന്നത്.

മൂല്യനിര്‍ണയ രീതികള്‍

മൂല്യനിര്‍ണയം വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ദൗര്‍ബല്യങ്ങള്‍ കണ്ടുപിടിക്കാനും പരിഹാര നടപടികള്‍ ഏര്‍പ്പാടുചെയ്യാനും സാധിക്കുന്നു. വിവിധ വ്യവസായങ്ങളുടെ സ്വഭാവവും ഓരോ സ്ഥാപനത്തിന്റെയും പരിതഃസ്ഥിതിയും ആന്തരികഘടനയും വ്യത്യസ്തമായതിനാല്‍ വിവിധ മൂല്യനിര്‍ണയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വകുപ്പിന്റെയോ ചെറിയ ആന്തരികഘടകത്തിന്റെയോ പ്രവര്‍ത്തനച്ചെലവ് പ്രത്യേകമായി വേര്‍തിരിച്ച് വിഭജിച്ച് സമാഹരിച്ച് രേഖപ്പെടുത്തുകയും പ്രസ്താവനകളുടെയും പട്ടികകളുടെയും രൂപത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ പ്രവര്‍ത്തനശേഷിയും കുറവുകളും വിശദീകരിക്കുവാനും കാര്യക്ഷമത അളക്കുവാനും പോഷിപ്പിക്കാനും കോസ്റ്റ് അക്കൗണ്ടിങ്ങിലൂടെ സാധിക്കുന്നു. ഇങ്ങനെ പൂര്‍ത്തീകരിക്കപ്പെടുന്ന പ്രക്രിയയാണ് മൂല്യനിര്‍ണയം. വിവിധ രീതികളിലൂടെ മൂല്യനിര്‍ണയം നടപ്പിലാക്കാവുന്നതാണ്.

യൂണിറ്റ് മൂല്യനിര്‍ണയം (Unit costing)

തുടര്‍ച്ചയായ ഒരു ഉത്പാദന പ്രക്രിയ വഴി ഒരു വസ്തുവിന്റെ വന്‍തോതിലുള്ള നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ഒരു വ്യവസായത്തില്‍ ഏര്‍പ്പെടുത്താവുന്ന രീതിയാണിത്. ഉത്പന്നം ഏകീകൃതവും പരസ്പര വ്യത്യാസമില്ലാത്തതുമായിരിക്കണം. ഏതെങ്കിലും ഒരു ഏകകത്തിന്റെ തോതില്‍ പ്രകടമാക്കാവുന്ന ഈ ഉത്പന്നം തന്നെ അതിന്റെ മൂല്യനിര്‍ണയ ഏകകമായിരിക്കും. ഇത് സാധിക്കാത്ത അവസരങ്ങളില്‍ മൂല്യനിര്‍ണയ ഏകകമായി സൗകര്യപ്രദമായ അളവുകള്‍ നിശ്ചയിക്കേണ്ടതായി വരും. അതുകൊണ്ട് ഈ രീതിയെ ഉത്പാദന ഏകകത്തിന്റെ അളവിലുള്ള മൂല്യ നിര്‍ണയ രീതി എന്നു പറയാം. ക്യാമറ, റേഡിയോ, വയര്‍ലെസ് സെറ്റ്, ചുടുകട്ട, സ്ലേറ്റ്, പെന്‍സില്‍, സിമന്റ്, പഞ്ചസാര തുടങ്ങിയ വ്യവസായങ്ങളില്‍ ഈ രീതിയിലാണ് മൂല്യനിര്‍ണയം സാധിക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് ഗ്രേഡും സൈസും ബ്രാന്‍ഡും മറ്റും നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കൂടുതല്‍ വിശദമായ മൂല്യപഠനം നടത്തണം.

പാഴായിപ്പോകുന്ന വസ്തുവകകള്‍, അപൂര്‍ണ ഉത്പന്നങ്ങള്‍ എന്നിവ തിരിച്ചു സ്റ്റോറിലയയ്ക്കുകയോ അവിടത്തന്നെ വില്‍ക്കുകയോ ചെയ്യുമ്പോള്‍ ഫാക്ടറി ഉത്പാദനച്ചെലവ് കുറയുവാന്‍ ഇടയാകുന്നു. അസാധാരണമായിട്ടുള്ള പാഴാക്കല്‍ ഉത്പന്നത്തിന്റെ വിലനിരക്കില്‍ തന്നെ കണക്കാക്കപ്പെടുകയും ഉത്പാദനമൂല്യത്തെ വിപരീതമായി ബാധിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.

ജോബ് മൂല്യനിര്‍ണയം (job costing)

ഓര്‍ഡര്‍ അനുസരിച്ച് സാധനങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്ന ഒരു വ്യവസായത്തില്‍ നടപ്പിലാക്കുന്ന മൂല്യനിര്‍ണയ രീതിയാണിത്. ഓര്‍ഡര്‍ അനുസരിച്ച് നിര്‍മിക്കുന്ന സാധനത്തിന്റെ ഏകകം ഒറ്റ സാധനമോ ഒരുപറ്റം സാധനങ്ങളോ ആകാം. പക്ഷേ, അധികകാലം വേണ്ടി വരുന്നതോ ധാരാളം പണംമുടക്ക് ഉള്ളതോ ആയ പ്രവര്‍ത്തിയായിരിക്കുകയില്ല. ഓരോ ജോബിനും പ്രത്യേകം നമ്പരുണ്ടായിരിക്കും. ജോബ് ഓര്‍ഡര്‍ സ്വീകരിക്കുന്ന ഫാക്ടറികള്‍, വര്‍ക്ക്ഷോപ്പുകള്‍, അച്ചടിശാല, അസംബ്ലി യൂണിറ്റുകള്‍ തുടങ്ങിയവയിലാണ് ജോബ് മൂല്യനിര്‍ണയം നടത്തുന്നത്. ഈ രീതിയുടെ വകഭേദങ്ങളാണ് ബാച്ച് മൂല്യനിര്‍ണയവും ഗുണിത മൂല്യനിര്‍ണയവും. വിവിധ രീതികളിലൂടെ മൂല്യനിയന്ത്രണം നടപ്പിലാക്കാന്‍ സാധിക്കുന്നു. വലുപ്പത്തിലും സ്വഭാവത്തിലും ഒന്നുപോലെയുള്ള ജോബുകള്‍ ധാരാളം ചെയ്യേണ്ടി വരുമ്പോള്‍ ഇവയെ ഒരുമിച്ച് വന്‍തോതില്‍ നിര്‍മിക്കുന്നു. ഇതാണ് ഒരു ബാച്ച്. ജോബ് മൂല്യനിര്‍ണയത്തിന്റെ മറ്റു സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളാനനുവദിച്ചുകൊണ്ടുള്ള ഈ ബാച്ചാണ് ഒരു ഏകകം. ജോബ് കോസ്റ്റ് ഷീറ്റ് തയ്യാറാക്കുന്നു. ഉത്പാദനത്തോത് വര്‍ധിക്കുമ്പോഴുണ്ടാകുന്ന ലാഭം കണക്കിലെടുക്കുന്ന തരത്തിലായിരിക്കണം ബാച്ച് മൂല്യനിര്‍ണയം നടത്തേണ്ടത്. ഒരേ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് പ്രയത്ന ലാഭവും വസ്തുലാഭവും കൈവരുത്താം.

ഗുണിത മൂല്യനിര്‍ണയത്തില്‍ ബൃഹത്തും തുടര്‍ച്ചയായതുമായ ജോബുകളില്‍ മുഖ്യപ്രക്രിയകള്‍ ഒന്നുപോലെയുള്ളവയാകുമ്പോള്‍ ജോബുകളെ വ്യത്യസ്ത വിഭാഗങ്ങളാക്കി തിരിച്ച് പൊതുവേയുള്ള വിഭാഗത്തിനു തുടര്‍ച്ചയായി പണി ലഭിക്കത്തക്കവിധം ഉത്പാദനം സജ്ജീകരിക്കുന്നു നിര്‍ദിഷ്ട വിഭാഗങ്ങള്‍ക്ക് ഉത്പാദന നിര്‍ദേശം നല്കുന്ന ഒരു തരം 'അസംബ്ലി ലൈന്‍' മൂല്യനിര്‍ണയമാണിത്. ജോബ് മൂല്യം ഒരാകെത്തുകയായി അവതരിപ്പിക്കുന്ന അസംബ്ലി കോസ്റ്റ് ഷീറ്റാണിതിനുള്ളത്.

കോണ്‍ട്രാക്റ്റ് മൂല്യനിര്‍ണയം

ജോബുപോലെ തന്നെ കോണ്‍ട്രാക്റ്റും പ്രത്യേക മൂല്യ കേന്ദ്രമായി പരിഗണിക്കപ്പെടാവുന്ന ഒരു പ്രവര്‍ത്തനകൂട്ടമാണ്. ചിലപ്പോള്‍ ഒന്നിലധികം കണക്കുവര്‍ഷം കൊണ്ട് ഉത്പാദനം പൂര്‍ത്തിയാവുന്നതുമൂലം പൂര്‍ത്തിയാകാത്ത പണിയുടെ വില നിശ്ചയിക്കാന്‍, ലാഭമാറ്റം, അപകട കരുതല്‍ നിശ്ചയിക്കല്‍ എന്നിങ്ങനെ പല ഭരണ തീരുമാനങ്ങളും എടുക്കേണ്ടിവരുന്ന ഒരു മൂല്യനിര്‍ണയരീതിയാണിത്. കോണ്‍ട്രാക്റ്റിനെ ഒരു വലിയ ജോബ് എന്നു പറയാം.

മൂല്യനിര്‍ണയം നേരിട്ടുള്ളതും നിര്‍ദേശിക്കപ്പെടുന്നതും ഉള്‍പ്പെടും. ഇവ അക്കൗണ്ട് രൂപത്തിലാണ് എഴുതപ്പെടുന്നത്. അതായത് ജോലി സ്ഥലത്തേക്കയച്ച യന്ത്രങ്ങളുള്‍പ്പെടെ ചെലവെല്ലാം ഡെബിറ്റു ചെയ്യുന്നു; പണി പൂര്‍ത്തിയായെന്നു സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കിലും പൂര്‍ത്തിയായതും ക്രെഡിറ്റ് ചെയ്യുന്നു. ജോലിസ്ഥലത്തു നിന്നും തിരിച്ചയച്ചിട്ടുള്ള സാധനസാമഗ്രികളുടെയും യന്ത്രങ്ങളുടെയും വിലയും ക്രെഡിറ്റ് ചെയ്യും. ക്രെഡിറ്റ് വശമാണ് വലിയ തുകയെങ്കില്‍ ലാഭവും, മറിച്ചാണെങ്കില്‍ നഷ്ടവും. നഷ്ടം ഉടന്‍ തന്നെ പൊതു ലാഭനഷ്ടക്കണക്കിലേക്കു നീക്കം ചെയ്യപ്പെടുന്നു,

എസ്കലേഷന്‍ വകുപ്പ്. ദീര്‍ഘകാല കോണ്‍ട്രാക്റ്റുകളില്‍ ആവശ്യമായ ഒരു വകുപ്പാണ്. അപ്രതീക്ഷിതമായി സാധനങ്ങള്‍ക്ക് ഉണ്ടാകുന്ന വിലവര്‍ധനവ്, നികുതി, ചുങ്കം, തീരുവ തുടങ്ങിയവ കൊണ്ട് ഉണ്ടാകുന്ന വര്‍ധനവ് എന്നിവ കോണ്‍ട്രാക്റ്റ് തുകയില്‍ പിന്നീട് എഴുതിച്ചേര്‍ക്കാന്‍ ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.

പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ഏതെങ്കിലും പണിക്കു ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ സാധ്യമല്ലാതെ വരുമ്പോള്‍ കോസ്റ്റ്-പ്ളസ്-കോണ്‍ട്രാക്റ്റ് ഏര്‍പ്പെടുത്തുന്നു. കാലേകൂട്ടി അടങ്കല്‍ തയ്യാറാക്കല്‍ സാധ്യമല്ലാത്ത പ്രതിരോധ കോണ്‍ട്രാക്റ്റു പോലെ രഹസ്യ സ്വഭാവമുള്ള പണികള്‍ക്കാണിത്. ചെലവായ മൂല്യവും ന്യായമായ ഒരു ലാഭവും കൂട്ടി കോണ്‍ട്രാക്റ്റ് തുക കണക്കാക്കും. മികച്ച കോണ്‍ട്രാക്റ്റര്‍ക്കു മാത്രമേ കോസ്റ്റ്-പ്ളസ്-കോണ്‍ട്രാക്റ്റ് നല്കുകയുള്ളൂ.

പ്രക്രിയാമൂല്യനിര്‍ണയം

ഒന്നിനു പുറകെ മറ്റൊന്നായി പല പ്രക്രിയകള്‍ക്കുശേഷമാണ് ഒരു ഉത്പന്നത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതെങ്കില്‍ ഓരോ പ്രക്രിയയും മൂല്യനിര്‍ണയ കേന്ദ്രമായി പരിഗണിച്ച് പ്രക്രിയയുടെ കണക്കു രേഖപ്പെടുത്തുന്നു.

ഓരോ പ്രക്രിയയിലും പ്രതീക്ഷിത നഷ്ടം ഉണ്ടാകുമെന്നുള്ളതുകൊണ്ട് ഉത്പാദനമൂല്യം അതനുസരിച്ച് ഏറും. ഏതെങ്കിലും പ്രക്രിയയില്‍ അപ്രതീക്ഷിതനഷ്ടമോ വര്‍ധനവോ ഉണ്ടായാല്‍ അതിന്റെ മൂല്യം ഉത്പാദനമൂല്യത്തിന്റെ തന്നെ നിരക്കില്‍ കണക്കാക്കണം. ഒരു പ്രക്രിയയില്‍ ഏതെങ്കിലും ഒരു ഉപോത്പന്നമോ സഹ ഉത്പന്നമോ ഉരുത്തിരിഞ്ഞാല്‍ പ്രാധാന്യമനുസരിച്ച് അത് ഉടന്‍ വില്‍ക്കുകയോ തുടര്‍ന്നുള്ള ഏതെങ്കിലും പ്രക്രിയ കഴിഞ്ഞു വില്‍ക്കുകയോ ചെയ്യുന്നു. കടലാസ്, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ വ്യവസായങ്ങളില്‍ പ്രക്രിയാമൂല്യനിര്‍ണയം നിലനില്‍ക്കുന്നു.

ചിലപ്പോള്‍ ഒരു പ്രക്രിയ പല 'ഓപ്പറേഷനു'കളുടെ പരിണത ഫലമായിരിക്കും. അപ്പോള്‍ ഓരോ ഓപ്പറേഷനും ഓരോ മൂല്യനിര്‍ണയ കേന്ദ്രമാക്കി ചെലവു നിശ്ചയിക്കുന്നു. പ്രക്രിയാ മൂല്യനിര്‍ണയത്തിന്റെ ഒരു വകഭേദമാണ് ഓപ്പറേഷന്‍ മൂല്യനിര്‍ണയം. മൂല്യനിയന്ത്രണത്തെ സഹായിക്കുവാനാണ് വ്യവസായത്തിന്റെയും ഉത്പാദന പ്രക്രിയയുടെയും സ്വഭാവമനുസരിച്ച് വ്യത്യസ്ത മൂല്യനിര്‍ണയ രീതികള്‍ സ്വീകരിക്കുന്നത്.

ഓപ്പറേറ്റിങ് മൂല്യനിര്‍ണയം

ഒരു സേവനത്തിന്റെ ഉത്പാദനവും നിലനിര്‍ത്തലും മൂല്യനിര്‍ണയം ചെയ്യുന്ന രീതിയാണിത്. വിവിധതരം സേവനങ്ങളും അവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായങ്ങളും സ്ഥാപനങ്ങളും താഴെ ചേര്‍ക്കുന്നു.

a)ഗതാഗതം. റോഡ്, റെയില്‍, ട്രാം, വിമാന സര്‍വീസ് തുടങ്ങിയവ.

b)വിതരണം. ജലവിതരണം, വൈദ്യുതി ഉത്പാദനവും വിതരണവും, പാചക വാതക വിതരണം തുടങ്ങിയവ.

c)സാമൂഹ്യക്ഷേമം. ആശുപത്രി, കാന്റീന്‍, വായനശാല തുടങ്ങിയവ.

d)തദ്ദേശ സ്വയംഭരണം. തെരുവുവിളക്കുകള്‍, റോഡു നന്നാക്കല്‍ തുടങ്ങിയവയ്ക്കു വേണ്ട സ്ഥാപനങ്ങള്‍.


സീമാന്തമൂല്യനിര്‍ണയം (Marginal costing)

അടിസ്ഥാനമൂല്യങ്ങളെന്നും നിര്‍ദേശകമൂല്യങ്ങളെന്നുമുള്ള തരംതിരിക്കല്‍ ഇല്ലാതെ വിചര(Variate)ത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യം വേര്‍തിരിക്കപ്പെടുന്നു. സ്ഥിരം ആവര്‍ത്തനച്ചെലവുകള്‍, മാനേജീരിയല്‍ സ്റ്റാഫിന്റെയും വിദഗ്ധ തൊഴിലാളികളുടെയും സ്ഥിരം തൊഴിലാളികളുടെയും മേല്‍നോട്ട-ജീവനക്കാരുടെയും വേതനം, മറ്റു പ്രതിഫലങ്ങള്‍, മൂല്യശോഷണം, മറ്റു സ്ഥിര ചെലവുകള്‍ എന്നിവ ചേര്‍ത്തു സ്ഥിരമൂല്യവും; അടിസ്ഥാനമൂല്യം, മറ്റു ചരങ്ങളായ നിര്‍ദേശകമൂല്യങ്ങള്‍ ഇവ ചേര്‍ത്ത് ചരമൂല്യവും വേര്‍തിരിക്കപ്പെടുന്നു. നിലവിലുള്ള ഉത്പാദനതലം സ്ഥിരമൂല്യത്തിനു തുല്യമാണെങ്കില്‍ ആ തലത്തെ മൂല്യപ്രദാനബിന്ദു (Break even point) എന്നു വിളിക്കാം. ഇപ്പോഴത്തെ ഉത്പാദനതലം മൂല്യപ്രദാനബിന്ദുവിനു മുകളിലാണെങ്കില്‍ സ്ഥിരമൂല്യം കഴിച്ച് ബാക്കി ലാഭമായിരിക്കും. ഈ ലാഭം കൂട്ടാന്‍ ഗവണ്‍മെന്റിനെയോ വിദേശവിപണി ഉള്‍പ്പെടെ ചില പ്രത്യേക വിപണികളെയോ ആശ്രയിക്കുന്നത് ലാഭ ആസൂത്രണത്തിന്റെ ഭാഗമാണ്.

പതിവു വിപണിയെ വിപരീതമായി ബാധിക്കാതിരിക്കത്തക്ക വിധത്തില്‍ വിദേശവിപണി നേടുകയോ തദ്ദേശവിപണിയില്‍ ഒരു പ്രത്യേക ഉപഭോക്താവിനെ കണ്ടെത്തുകയോ ചെയ്ത് വില കുറച്ചു ലാഭം വര്‍ധിപ്പിക്കുവാന്‍ ഈ തന്ത്രം സഹായിക്കുന്നു. ഏതെങ്കിലും മധ്യ ഉത്പന്നം സ്വന്തമായി നിര്‍മിക്കണോ വെളിയില്‍ നിന്നു വാങ്ങണോ എന്നു തീരുമാനിക്കാനും മധ്യ ഉത്പന്നംതന്നെ വിപണനം ചെയ്തു ലാഭമെടുക്കണോ എന്നു തീരുമാനിക്കാനും വിവിധതല ഉത്പാദന ബജറ്റ് ഉണ്ടാക്കുവാനും സീമാന്തമൂല്യനിര്‍ണയം ഉതകും.

ഉത്പന്നത്തിന്റെ വിറ്റുവരവില്‍ നിന്നു ചരമൂല്യം കുറച്ചാല്‍ വിപണനമിച്ചം ലഭിക്കും. വിപണനമിച്ചവും വിറ്റുവരവും തമ്മിലുള്ള അനുപാതമാണ് ലാഭോത്പാദനാനുപാതം (Protit-Volume ratio). ഇത് സീമാന്തമൂല്യതന്ത്രത്തിലെ ഒരു പ്രധാന തീരുമാനോപകരണമാണ്. സ്ഥിരമൂല്യത്തെ ഈ അനുപാതംകൊണ്ട് ഭാഗിച്ചാല്‍ മൂല്യപ്രദാന വില്പന വില കിട്ടും. ഒരു ലാഭോത്പാദന ചാര്‍ട്ടില്‍ ഒരു നിശ്ചിത ഉത്പാദന ബിന്ദുവില്‍ നിന്നു മൂല്യപ്രദാന ബിന്ദുവിലേക്കുള്ള അകലമാണ് സുരക്ഷാമേഖല.

ഒരു ഉത്പന്നത്തിന്റെ ലാഭോത്പാദനാനുപാതം കണ്ടുപിടിക്കാനും മൂല്യപ്രദാന ബിന്ദു, സുരക്ഷാമേഖല തുടങ്ങിയവ കണ്ടുപിടിക്കാനും ലാഭാസൂത്രണം നടത്താനും ലാഭോത്പാദനാരേഖം സഹായിക്കുന്നു. പല ഉത്പന്നങ്ങളുള്ള ഒരു സ്ഥാപനത്തില്‍ ഓരോന്നിനും പ്രത്യേകം ലാഭോത്പാദനാരേഖം നിര്‍മിക്കുന്നതു ശ്രമകരമാണ്. അതുകൊണ്ട് എല്ലാ ഉത്പന്നങ്ങളും കൂടി നല്കുന്ന ആകെ വിപണനമിച്ചം ലക്ഷ്യമാക്കിയും ഒന്നിനുപുറകെ മറ്റൊന്നായി ഉത്പന്നങ്ങള്‍ക്കു സഞ്ചിത വിപണനം കണക്കാക്കിയും എല്ലാ ഉത്പന്നങ്ങള്‍ക്കും കൂടി ഒരു സംയുക്തലാഭോത്പാദനാരേഖം നിര്‍മിക്കുന്നു. ഈ ആരേഖത്തെ ലാഭമാര്‍ഗ ചാര്‍ട്ട് എന്നുപറയുന്നു.

മാനേജ്മെന്റിന് ഒരു ഉത്പന്നം തുടരണോ വേണ്ടയോ എന്നു തീരുമാനമെടുക്കാന്‍ ലാഭമാര്‍ഗ ചാര്‍ട്ട് സഹായിക്കുന്നു.

സീമാന്തമൂല്യ നിര്‍ണയതന്ത്രത്തിനു പല പരിമിതികളുണ്ട്. മാനേജ്മെന്റിനെ തങ്ങളുടെ ഉത്പാദനച്ചെലവുചുരുക്കാന്‍ ഈ തന്ത്രം സ്വാധീനിക്കുന്നു; വിപണിമാന്ദ്യം അനുഭവപ്പെടുമ്പോള്‍ സ്ഥിരമൂല്യത്തിന്റെ ചുരുക്കല്‍ തന്ത്രപരമായി പിടിച്ചുനില്‍ക്കാന്‍ പ്രത്യേകിച്ചും. മൂല്യപ്രദാന ബിന്ദു എത്രകണ്ടു കുറയുന്നുവോ അത്രയും നിലനില്പ് പ്രതികൂല സാഹചര്യങ്ങളില്‍ സ്ഥാപനത്തിനുണ്ടാകും. പക്ഷേ, വാണിജ്യ-വ്യാപാരസംരംഭത്തിന്റെ അന്തിമലക്ഷ്യം മൂല്യപ്രദാനമല്ല; ലാഭമാണ്. അതു നേടാന്‍ മാതൃകാപരമായ പ്രവര്‍ത്തനവും അതിനുള്ള മാര്‍ഗനിര്‍ദേശവുമാണാവശ്യം.

മൂല്യത്തെ സ്ഥിരമെന്നും ചരമെന്നും തരംതിരിച്ചു വിചരത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന ഒരു സങ്കല്പമാണീ തന്ത്രം. ഈ സങ്കല്പത്തിനു വലിയ പ്രായോഗിക പ്രഭാവമില്ല. ഒരു മൂല്യകണികയും പൂര്‍ണമായും സ്ഥിരമോ ചരമോ അല്ല. സ്ഥിരമായ ചില കണികകള്‍ സന്ദര്‍ഭം മാറുമ്പോള്‍ ചരസ്വഭാവമുള്ളതായി അനുഭവപ്പെടും.

വിവിധ ഉത്പന്ന സങ്കരങ്ങളും അവയുടെ വിപണിവിലയും തജ്ജന്യമായ വിപണന മിച്ചവും ഒരു മത്സര ഫലമാണ്. അത് ഉത്പന്നത്തിന്റെ സംഭാവനയല്ല. അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്ത് ഉത്പാദനം നിര്‍ത്തുകയോ തുടങ്ങുകയോ ചെയ്യുന്നത് മറ്റ് ഉത്പന്നങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി അനുഭവപ്പെടും.

മുടക്കുമുതലിനെയും ഉത്പാദന ബന്ധിത പ്രവര്‍ത്തനക്ഷമതയെയും അവഗണിക്കുന്നതുകൊണ്ട് ഇത് ഉത്പതിഷ്ണുത്വമുള്ള ഒരു സമീപനമല്ല; ഒരു സ്ഥിതി തന്ത്ര വിശകലനമാണ്. എന്നിരുന്നാലും ബിസിനസ്സിന്റെ പല രംഗങ്ങളിലും ഇന്ന് പ്രയോജനപ്പെടുന്ന ഒരു തന്ത്രമാണ് സീമാന്തമൂല്യനിര്‍ണയം.


സമീകൃത മൂല്യനിര്‍ണയം (Standard costing)

ഏറ്റവും പുതിയ ആവിഷ്കാരമാണിത്. ഒരു മൂല്യനിയന്ത്രണ തന്ത്രം എന്ന നിലയില്‍ കൂടുതല്‍ ദൂരക്കാഴ്ചയുള്ളതുമാണ്. മൂല്യ ഏകകം രൂപം കൊള്ളുന്നതിനു മുമ്പ് ന്യായമായ സാധാരണ സാഹചര്യം വിഭാവന ചെയ്തുകൊണ്ട് മൂല്യം എന്തായിരിക്കണമെന്ന് കാലേകൂട്ടി നിശ്ചയിക്കുന്നത് പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ ഒരുപാധിയായിരിക്കുമെന്നു മനസ്സിലാക്കി മൂല്യനിയന്ത്രണരംഗത്തു പുതിയ മാനം കണ്ടെത്താന്‍ ഇതിലൂടെ ശ്രമിക്കുന്നു.

സമീകൃത മൂല്യനിയന്ത്രണമെന്നാല്‍ സമീകൃതമൂല്യത്തിന്റെ തയ്യാറാക്കലും ഉപയോഗവും അതിനുശേഷം യഥാര്‍ഥ മൂല്യവുമുള്ള അവയുടെ താരതമ്യം, വ്യതിയാന വിശകലനം, വ്യതിയാന കാര്യാന്വേഷണം ഉത്തരവാദിത്ത നിര്‍ണയവും പരിഹാരവും സാധ്യമാകുന്നു.

സമീകൃതമൂല്യനിര്‍ണയത്തിന്റെ ഉപയോഗം മൂല്യനിയന്ത്രണമാണ്. സമീകൃതമൂല്യം നിര്‍ണയിക്കുന്നതിലെ സങ്കല്പം യഥാര്‍ഥ മൂല്യത്തെ ഇഷ്ടംപോലെ വ്യതിചലിക്കുവാന്‍ അനുവദിക്കുകയില്ല എന്നതാണ്. അതുകൊണ്ട് സമീകൃതമൂല്യം അടങ്കല്‍മൂല്യത്തെക്കാള്‍ കൂടുതല്‍ കര്‍ക്കശവും എന്നാല്‍ വിശ്വസനീയവും പ്രയോജനപ്രദവുമാണ്. അടങ്കല്‍മൂല്യം കെട്ടിടനിര്‍മാണം, ഫാക്ടറി നിര്‍മാണം. പാലംപണി, കപ്പല്‍ നിര്‍മാണം തുടങ്ങിയ വ്യവസായങ്ങളില്‍ ഉപയോഗത്തിലിരിക്കുന്നു. വന്‍തോതിലുള്ള ഉത്പാദന പ്രക്രിയ അവയ്ക്കനുയോജ്യമായ ജോബ് മൂല്യനിര്‍ണയമോ പ്രക്രിയാമൂല്യനിര്‍ണയമോ നടപ്പാക്കുന്നതോടൊപ്പം സമീകൃത മൂല്യനിര്‍ണയതന്ത്രം നടപ്പാക്കുന്നത് മൂല്യനിയന്ത്രണത്തിനു വളരെ സഹായകരമാണ്.

ആഹാരവസ്തുക്കള്‍, മിഠായി, മാംസവും മാംസ്യവിഭവ ഉത്പന്നങ്ങളും, ശിശു ആഹാരം, പഞ്ചസാര, കൊക്കോ വിഭവങ്ങള്‍, ധാന്യ വിഭവങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, രാസവസ്തുക്കള്‍, ഇലക്ട്രിക്കല്‍ സാധനങ്ങള്‍, എന്‍ജിനീയറിങ്, തുണിത്തരങ്ങള്‍ തുടങ്ങിയ വ്യവസായങ്ങളില്‍ സമീകൃത മൂല്യനിര്‍ണയവും വ്യതിയാന വിശകലനവും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും.

സമീകൃതമൂല്യവും അടങ്കല്‍മൂല്യവും

അടങ്കല്‍ മൂല്യം ഗണ്യമായ ഊഹോപോഹങ്ങളെയും കണക്കു കൂട്ടലുകളെയും ആശ്രയിക്കുമ്പോള്‍ പ്രവര്‍ത്തനത്തിന്റെ പൂര്‍ണമായ നിയന്ത്രണം ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ സ്ഥിതിവിവരക്കണക്കുകളുടെ വെളിച്ചത്തില്‍ സമീകൃതമൂല്യം ശാസ്ത്രീയമായി നിര്‍ണയിക്കപ്പെടുന്നു.

വ്യതിയാന വിശകലനം ഫലപ്രദമായ ഒരു നിയന്ത്രണ സംവിധാനമാണ്. വ്യക്തിഗത പ്രവര്‍ത്തനത്തിന്റെ അടിത്തട്ടിലേക്കിറങ്ങി ചെല്ലുന്ന സമീപനമാണിത്.

ബജറ്റീകൃത നിയന്ത്രണവും സമീകൃത മൂല്യനിര്‍ണയവും

സമീകൃത മൂല്യനിര്‍ണയത്തിനു സഹായിക്കുന്ന ഒരു നിയന്ത്രണോപാധിയാണ് ബജറ്റ്. ഒരു നിശ്ചിത കാലത്തേക്ക് (സാധാരണ ഒരു വര്‍ഷം) നിശ്ചിത ലക്ഷ്യപ്രാപ്തിക്കുവേണ്ടി പിന്തുടരേണ്ട നയം എന്തെന്നു നേരത്തേ അംഗീകരിച്ച് പ്രതിപാദിക്കുന്ന-പണമായോ ഭൗതികോത്പന്ന അളവായോ രണ്ടും കൂടിയോ ഉള്ള-ഒരു സ്റ്റേറ്റ്മെന്റ് ആണിത്. 'വിവിധ വകുപ്പുമേധാവികളുടെ ഉത്തരവാദിത്തം, നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തന നയവുമായി ബന്ധപ്പെടുത്തി ബജറ്റുകള്‍ സ്ഥാപിക്കാനോ തുടര്‍ച്ചയായി ബജറ്റുസംഖ്യകള്‍ യഥാര്‍ഥ പ്രവര്‍ത്തനക്കണക്കുകളുമായി തട്ടിച്ചുനോക്കി വ്യക്തിഗത പ്രവര്‍ത്തനം ലക്ഷ്യങ്ങള്‍ക്കൊപ്പമാക്കാനോ അപ്രായോഗികമെന്നു തോന്നുന്ന ലക്ഷ്യങ്ങളെ തിരുത്താനോ ഉതകുന്ന സംവിധാന'മാണ് ബജറ്റീകൃത നിയന്ത്രണം.

ബജറ്റീകൃത മൂല്യനിയന്ത്രണം മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന്റെ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കുമ്പോള്‍ വ്യക്തിഗത പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കലാണ് സമീകൃത മൂല്യനിര്‍ണയത്തിന്റെ ഉദ്ദേശ്യം. ബജറ്റീകൃത മൂല്യനിയന്ത്രണമുള്ള സ്ഥലങ്ങളിലാണ് സമീകൃത മൂല്യനിര്‍ണയം കൂടുതല്‍ ഫലവത്താകുന്നത്. പാഴ്ച്ചെലവ് കുറയ്ക്കുകയാണ് സമീകൃത മൂല്യനിര്‍ണയം ചെയ്യുന്നത്. വ്യക്തിഗത പ്രവര്‍ത്തികള്‍ക്ക് 'സ്റ്റാന്‍ഡേഡ്' നിശ്ചയിക്കുമ്പോള്‍ ബജറ്റീകൃത നിയന്ത്രണം കൂടുതല്‍ പലപ്രദമാകും. സ്റ്റാന്‍ഡേഡുകള്‍ നിശ്ചയിക്കുകയും ഉപയോഗിക്കുകയും ചെയ്യണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ബജറ്റീകരണം ആവശ്യമാണ്.

സമീകൃത മൂല്യനിര്‍ണയം കൂടാതെ ബജറ്റീകൃത നിയന്ത്രണം പ്രയോജനപ്രദമല്ലെങ്കില്‍ സമീകൃത മൂല്യനിര്‍ണയം ബജറ്റീകൃത നിയന്ത്രണമില്ലാതെ ആപത്കരമാണ്.

ദേശീയസ്ഥാപനങ്ങള്‍. ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണകാലത്ത് 1994-ലാണ് അക്കൗണ്ടിങ്രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്സ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ, കൊല്‍ക്കത്തയില്‍ സ്ഥാപിതമായത്. സ്വാതന്ത്ര്യാനന്തരം 1959-ലെ ദി കോസ്റ്റ് ആന്‍ഡ് വര്‍ക്ക്സ് അക്കൗണ്ടന്റ് നിയമത്തിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റ് ഈ സ്ഥാപനത്തെ കമ്പനിയായി അംഗീകരിക്കുകയുണ്ടായി. കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് ഇതിന്റെ പ്രാദേശിക കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്കുന്നത്. 2012 ഫെ. 1-ന് കേന്ദ്ര സര്‍ക്കാര്‍ ഈ സ്ഥാപനത്തെ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ICAI) എന്ന് പുനര്‍ നാമകരണം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫെല്ലോ, അസോസിയേറ്റ് അംഗങ്ങള്‍ക്ക് തങ്ങളുടെ പേരിനൊപ്പം (ACMA/FCMA) എന്നീ ബിരുദങ്ങള്‍ കൂടി ചേര്‍ക്കുവാനുള്ള അനുമതിയും നല്‍കി.

(പ്രൊഫ. കെ. ചന്ദ്രശേഖരന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍